2007, നവംബർ 15, വ്യാഴാഴ്‌ച

ഒരു ‘വെറും’ സാധാരണ ഇടതു സഹയാത്രികനുമായുള്ള സംഭാഷണം (ഒന്നാം ഭാഗം)

ആനുകാലികങ്ങളിലും പത്രങ്ങളിലും പ്രമുഖരും തീരെ പ്രമുഖരല്ലാത്തവരുമായുള്ള അഭിമുഖങ്ങള്‍ സര്‍വ സാധാരണമാണ്. ഇവിടെ, പത്തൊന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ മുന്നോടിയായി സി.പി.എം ബ്രാഞ്ച്, ലോക്കല്‍, ഏരിയാ, ജില്ലാസമ്മേളനങ്ങള്‍ നടക്കുന്ന വേളയില്‍ സജീവ പാര്‍ട്ടിപ്രവര്‍ത്തകനായ സഖാവ് രാഘവനുമായി ഈ ബ്ലോഗന്‍ നടത്തിയ സംഭാഷണത്തിന്റെ പൂര്‍ണരൂപം. (ഇത് ഒരു അഭിമുഖമാണെന്ന് പറയാനുള്ള അഹങ്കാരം ഞങ്ങള്‍ക്കിരുവര്‍ക്കുമില്ല) സഖാവ് രാഘവന്‍: തൊഴില്‍ ബീടി തെറുപ്പും തയ്യലും. രാഷ്ടീയം ഇടത് തന്നെ. ആദ്യം കോണ്‍ഗ്രസ്സിലും, പിന്നീട് സി.പി. ഐ, അതു കഴിഞ്ഞ് സി.പി. എം. എന്നിങ്ങനെ പോകുന്നു. സ്വാതന്ത്ര്യ സമരക്കാലത്ത് ജനനം.ദളിതനാണെങ്കിലും എല്ലവിഭാഗക്കാരുമായും സൌഹ്രുദം. തൂവെള്ള പോളിയെസ്റ്റര്‍ ഷര്‍ട്ടും ഡബിള്‍ മുണ്ടും വേഷം. ബീടിയാണ് വലിക്കാറെങ്കിലും പനാമ സിഗററ്റാണ് പഥ്യം. മൂക്കിപ്പൊടി നിര്‍ബന്ധം. ലോക നേതാക്കളായ ക്രൂഷചേവ്, നെഹ്രു, ഇടത് നേതാക്കളായ പി. രവീന്ദ്രന്‍, ടി.വി.തോമസ്, ഇ.എം.എസ്, ഇ.കെ. നയനാര്‍ എന്നിവര്‍ സമകാലീനരും, സുഹ്രുത്തുക്കളുമാണെന്ന് അവകാശപ്പെടുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഇപ്പോഴും സഖാവ് ഒരു സാധാരണ ബ്രാഞ്ച് പ്രവര്‍ത്തകന്‍ മാത്രം.
ബ്ലോഗന്‍: താങ്കളുടെ ബാല്യകാലത്തെപ്പറ്റി....?
സഖാവ്: എന്നെ സഖാവ് എന്ന് സംബോധന ചെയ്യുന്നതാണ് എനിക്കിഷ്ടം. കുട്ടിക്കാലത്തെ ഓര്‍മകളില്‍ സ്വാതന്ത്ര്യ സമരം, വിമോചന സമരം, മാപ്പിള ലഹള...........(ബ്ലോഗന്റെ അവസരോചിതമായ ഇടപെടല്‍ കൊണ്ട് വലിയ ഒരത്യാഹിതം ഒഴിവായി.അതായത്, “ബ്ലോറാകും“ എന്നതിനാല്‍ കൂടുതല്‍ പറയാന്‍ അനുവദിച്ചില്ല.)
ബ്ലോഗന്‍: താങ്കള്‍ക്ക് ലോകനേതാക്കളുമായി നല്ല ബന്ധമായിരുന്നു എന്ന് കേട്ടിട്ടുണ്ടല്ലോ....?
സഖാവ്: ഞാനും, ക്രുഷ് ചേവും, നെഹ്രൂവും, റ്റി.വി. തോമസും തിരുവനന്തപുരത്ത് നെഹ്രു കപ്പ് ഫുട്ബാള്‍ കാണാന്‍ പോയ സംഭവം പറയാം.(ഹമ്മേ...) ഞങ്ങളോടൊപ്പം റഷ്യന്‍ ഫുട്ബാള്‍ കോച്ചും ഉണ്ടായിരുന്നു. കളിയുടെ ആദ്യപകുതിയില്‍ തന്നെ റഷ്യ ഇന്റ്യക്കെതിരെ ഏകപക്ഷീയമായ 5 ഗോളുകള്‍ നേടി. എനിക്ക് സങ്കടം സഹിച്ചില്ല. ഞാന്‍ മുഖം താഴ്തി ഇരുന്നു. അപ്പോള്‍ ക്രുഷ് ചേവ് നെഹ്രുവിനോട് കാര്യം അന്വേഷിച്ചു. എന്റെ ദേശ സേനഹതില്‍ മതിപ്പു തോന്നിയ ക്രുഷ് ചേവ് റഷ്യന്‍ കോച്ചിന്റെ ചെവിയില്‍ എന്തോ പറഞ്ഞു. കോച്ച് അറിയിച്ചതനുസരിച്ച് പിന്നീട് ഒരു ഗോള്‍ പോലും റഷ്യ അടിച്ചില്ല.
ബ്ലോഗന്‍: താങ്കള്‍, ക്ഷമിക്കണം, സഖാവ് തികഞ്ഞ കമ്യൂണിസ്റ്റ് കാരനായിട്ടും എന്തു കൊണ്ടാണ് അങ്ങനെ ചെയ്തത്?
സഖാവ്: എന്റെ അഭിപ്രായതില്‍ കമ്യൂണിസം ദേശഭക്തിക്ക് എതിരല്ല. മാത്രമല്ല, റഷ്യ താഴ്ന്ന മാര്‍ജിനില്‍ ജയിക്കുമ്പോള്‍ ‘നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം” എന്നു പറഞ്ഞത് പോലെയകുമല്ലൊ.
ബ്ലോഗന്‍: ഇതുപോലെ രസകരമായ മറ്റെന്തെങ്കിലും അനുഭവങ്ങള്‍?
സഖാവ്: ക്രൂഷ് ചേവുമൊത്ത് ഞങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നടന്ന ഒരു തമാശ പറയാം. ക്രൂഷ് ചേവിന് ഒരു കുസ്രുതി ഉണ്ടായിരുന്നു. ആരുടെയെങ്കിലും സീറ്റില്‍ തക്കാളി കൊണ്ടുപോയി വയ്ക്കും. നെഹ്രുവിന്റെ സീറ്റില്‍ വച്ചശേഷം അദ്ദേഹത്തിന്റെ തൂവെള്ള കുര്‍ത്തയുടെ ചേലുകണ്ട് എല്ലാവരും ചിരിച്ച് മണ്ണ്കപ്പിപ്പോയി.
ബ്ലോഗന്‍: താങ്കള്‍ ഏതെങ്കിലും സമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടോ?
സഖാവ്: ഞങ്ങളുടെ നാട്ടില്‍ നട്ന്നിട്ടുള്ള ഒട്ടുമിക്ക കയര്‍ തൊഴിലാളി സമരങ്ങളിലും കര്‍ഷക സമരങ്ങളിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്.
ബ്ലോഗന്‍: എന്തിനായിരുന്നു ആ സമരങ്ങള്‍?
സഖാവ്: ഇങ്ങനെ പച്ചയായി ചോദിച്ചാല്‍, ഇപ്പോള്‍ നടക്കുന്നതുള്‍പെടെയുള്ള സമരങ്ങള്‍ ഞങ്ങള്‍ക്ക് ജീവിക്കാനാണ്.
ബ്ലോഗന്‍: ഞങ്ങളെന്ന് പറയുമ്പോള്‍ തൊഴിലാളികള്‍ എന്നായിരിക്കും?
സഖാവ്: ഏയ്.. ഞങ്ങള്‍ നേതാക്കള്‍ക്ക് ജീവിക്കാന്‍..
ബ്ലോഗന്‍: പക്ഷെ, ഇപ്പോള്‍, കയര്‍, കര്‍ഷക തൊഴിലാളികളോ, പാക്കളങ്ങളൊ(കയര്‍ നിര്‍മിക്കുന്ന സ്ഥലം), നിലങ്ങളൊ കാണാനില്ലല്ലോ..?
സഖാവ്: വൈകിയാണ് ഞങ്ങള്‍ക്ക് പൊന്മുട്ടയിടുന്ന താറാവിനെ കൊന്നുകൂടെന്ന് മനസ്സിലായത്. അതില്‍ നിന്നുള്ള വരുമാനം ഇപ്പോള്‍ തീരെ ഇല്ലാതായി.
ബ്ലോഗന്‍: എന്താണ് വൈരുധ്യാത്മിക ഭൌതികവാദം?
സഖാവ്; രണ്ട് വിരുദ്ധ ചേരികള്‍ അഥവാ ചേരികള്‍ തമ്മിലുള്ള സംഘട്ടനത്തിന്റെ ഫലമായി പുതിയ ഒരു വാദം ഉണ്ടാകുന്നു എന്നോ മറ്റോ ആണെന്ന് തോന്നുന്നു.
ബ്ലോഗന്‍:ഈ വാദത്തിന് ഇപ്പോള്‍ എന്തെങ്കിലും പ്രാധാന്യം...?
സഖാവ്: വളരെ വ്യക്തമല്ലേ... ഞങ്ങളുടെ പാര്‍ട്ടിയില്‍ സ. പിണറായിയും, സ. വീയെസ്സും തമ്മിലുള്ള സംഘട്ടനം.
പക്ഷെ അതിന്റെ ഫലമായി ഉണ്ടായേക്കാവുന്ന പുതിയ ഘട്ടം എന്താണെന്ന് എനിക്കറിയില്ല. ഒന്ന് സത്യമാണ്, എല്ലായ്പ്ഴും രണ്ട് വിരുദ്ധ ചേരികള്‍ ഉണ്ടാകും.
ബ്ലോഗന്‍: സോവിയറ്റ് റഷ്യയുടെ പതനത്തെക്കുറിച്ച്...?
സഖാവ്: അതിന്ന് രണ്ടുത്തരങ്ങളാണുള്ള്ത്. ഒന്നാമതായി, പാര്‍ട്ടിയുടെ നോട്ടത്തില്‍ സി.ഐ.എയുടെയും, ലിബറല്‍ ശക്തികളുടെയും ഗൂഢാലോചനയുടെ ഫലമായിരുന്നു അത്. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍, അവിടുത്തെ നേതാക്കന്മാര്‍ തമ്മിലുള്ള പടലപ്പിണക്കം, അവരുടെ ആഡംബരഭ്രമം, ലിബറല്‍ ജീവിതത്തോടുള്ള ആസക്തി എന്നിവയായിരുന്നു കാരണം.
ബ്ലോഗന്‍: ഗോര്‍ബച്ചേവിനെപ്പറ്റി എന്താണഭിപ്രായം?
സഖാവ്: നേരിട്ട് പരിചയമില്ല എങ്കിലും, അമേരിക്കയില്‍ അടിമത്തം ഇല്ലാതാക്കിയ എബ്രഹാം ലിങ്കണെയാണ് ഓര്‍മ വരിക.

(സംഭാഷണത്തിന്റെ അടുത്ത ഭാഗം ഉടനെ.... നിങ്ങള്‍ക്കും സഖാവിനോട് ചോദിയ്ക്കാം)

1 അഭിപ്രായം:

മുക്കുവന്‍ പറഞ്ഞു...

ഞങ്ങള്‍ സഖാക്കള്‍ക്ക് ജീവിക്കാനെന്ന് തന്നെ എഴുതാല്ലേ... ഭരിക്കുന്വോള്‍ പീറ സഖാവും രാക്ഷസരാവും!