2007, ഡിസംബർ 10, തിങ്കളാഴ്‌ച

മറുകുറി

“കുറീന്ന്വച്ചാ ടൈറ്റില്, കുറ്റീന്നാ കൂട്ടിച്ചേര്‍ക്കല്, മറുകൂറീന്നാ നല്ല അസ്സല് കമന്റേ…….
അറ്റന്‍ഷന്‍, ഇതാ സാമ്പിള്‍ മറുകുറി അഥവാ മറുവെടി

കുറി: വരട്ടെ, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി.
കുറ്റി: പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മൊഹ്സിന കിദ്വായിയെ കണ്ടതോടെ കോണ്‍ഗ്രസ്സിലേക്കുള്ള കരുണാകരന്റെ മടങ്ങിവരവുമായി ബന്ധപ്പെട്ട് ഗൌരവപൂര്‍ണ്ണമായ ചര്‍ച്ചകള്‍ക്ക് തുടക്കമായി.
മറുകുറി: “കാലനും കലികാലം, ബ്രഹ്മാവിന് ആയുസ്സിന് പഞ്ഞം, കണിയാന് കാലക്കേട്…….

കുറി: കരിഞ്ചന്ത തടയും, 14 രൂപയ്ക്ക് അരിവിതരണം തുടങ്ങി.
കുറ്റി: തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് അരിക്കട ഭക്ഷ്യ മന്ത്രി സി. ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. മാവേലിസ്‌റ്റോര്‍ ഉള്‍പ്പെടെയുള്ള സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ എല്ലാ വിതരണ കേന്ദ്രങ്ങളിലും 14 രൂപയ്ക്ക് പുഴുക്കലരിയും 13.50 ന് പച്ചരിയും ലഭ്യമാക്കും.
മറുകുറി: മുട്ടയ്ക്കും, പാലിനും കൂടി സഹായവിലക്കട തുടങ്ങാമായിരുന്നു.

കുറി: മാധ്യമശ്രമം ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍:പിണറായി
കുറ്റി: സി. പി. ഐ. എമ്മിനോടൊപ്പം അണിനിരക്കുന്ന ജനവിഭാഗങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് യു.ഡി. ഏഫും, മാധ്യമങ്ങളും ശ്രമിക്കുന്നതെന്ന് സ.പിണറായി.
മറുകുറി: മാധ്യമമെന്ന് പറയുമ്പൊ ദേശാഭിമാനിയും, കൈരളിയും, പ്യൂപ്പിളും ഒഴികെ, അല്ലേ പിണറായി സഖാവേ?

കുറി: ബുഷിന് വേണ്ടി മന്മോഹന്‍ സിങ്ങ് സ്വന്തം കസേര കളയരുതെന്ന് വി.എസ്സ്.
കുറ്റി: ഇന്റ്യയെ സമാന്തരരാജ്യമാക്കിയെന്ന ഖ്യാതിയില്‍ അടുത്തവര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പ് ജയിക്കാനാണ് ആണവക്കരാര്‍ പ്രശ്നത്തിലൂടെ ശ്രമിക്കുന്നതെന്നും, അതിന് വേണ്ടി മന്മോഹന്‍ സ്വയം സ്ഥാനത്യാഗം നടത്തരുതെന്നും സ: വി. എസ്സ്. അച്യുതാനന്ദന്‍ പ്രസ്താവിച്ചു.
മറുകുറി: ഇത് പറയുമ്പോള്‍ സ്വന്തം കസേര ഒന്ന് ഗൌനിക്കുന്നത് നന്ന്.

കുറി: സംഘര്‍ഷങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് എ.കെ.ആന്റണി.
കുറ്റി: സംഘര്‍ഷങ്ങള്‍ക്ക് ചര്‍ച്ചകളിലൂടെ പരിഹാരമുണ്ടാക്കാനാണ് ജാതിമത രാഷ്ട്രീയ നേതാക്കള്‍ ശ്രമിക്കേണ്ടതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി അഭിപ്രായപ്പെട്ടു.
മറുകുറി: ഇതൊക്കെ അറിയാമായിരുന്നിട്ടാണോ സാറ് രണ്ടു തവണ രാജിവച്ച് ഇട്ടേച്ച് പോയത്.

കുറി: ഗുരുവായൂരില്‍ ചുരിദാര്‍ ധരിച്ച് പ്രവേശനമാകാം, കോടതി.
കുറ്റി: ചുരിദാര്‍ പ്രശ്നം ധാര്‍മികതയ്‌ക്കോ, ആത്മീയകാര്യങ്ങള്‍ക്കോ തടസ്സമാകില്ല എന്നതിനാല്‍ കോടതിക്ക് ഇടപെടാനാകില്ല എന്ന് കാണിച്ചാണ് ഹര്‍ജി തള്ളിയത്.
മറുകുറി: തള്ളേ…. നിങ്ങള് ഇന്നി ആ അഹിന്ദുക്കള്‍ക്ക് പ്രവേശനോല്ലാന്നൊള്ള പലകേല് ചുരിദാറും, ദേഴും, ദെട്ടും ഇട്ടോണ്ട് കേറാന്ന് പോറി വച്ചേക്ക്….

കുറി: ക്യാമ്പസ് അക്രമങ്ങള് പതിവായ സാഹചര്യത്തില്‍ കലാലയങ്ങളില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പാകാമെന്ന് ഹൈക്കോടതി.
കുറ്റി: കോളേജില്‍ പ്രിന്‍സിപ്പല്‍മാരുടെ പരമാധികാരം നേരത്തേതന്നെ അംഗീകരിച്ച കോടതി, അവര്‍ക്ക് തോന്നിയാല്‍ നിലവിലുള്ള പ്രസിഡന്‍ഷ്യല്‍ രീതി (വിദ്യാര്‍ഥികള്‍ നേരിട്ട് യൂണിയന്‍ ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന രീതി) യ്ക്ക് പകരം പാര്‍ലമെന്ററി (ക്ലാസ്സ് പ്രതിനിധികളെ തെരഞ്ഞെടുത്ത ശേഷം ഈ പ്രതിനിധികള്‍ യൂണിയന്‍ ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന രീതി) സമ്പ്രദായത്തില്‍ തെരഞ്ഞെടുപ്പ് നടത്താം എന്ന് വിധി പ്രസ്താവിച്ചു.
മറുകുറി: ചുരുക്കത്തില്‍, താമസിയാതെ തന്നെ കോളേജിലും മുണ്ടുപൊക്കലും, വാക്ക് ഔട്ടും, സര്‍വ്വോപരി പഠന/ഭരണ സ്തംഭനവുമൊക്കെ കാണേണ്ടി വരുംന്ന് സാരം.

കുറി: മലയാളത്തിന് മാനമായി ‘തനിയെ‘.
കുറ്റി: ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ബാബു തിരുവല്ലയുടെ തനിയെ പ്രേക്ഷകരുടെ പ്രശംസ നേടി.
മറുകുറി: സംവിധായകന്‍ തനിയെ എടുത്ത്, തനിയെ നടത്തി, തനിയെ കണ്ട സിനിമ മലയാളത്തിന് പുറത്തെങ്കിലും പത്തുപേര് കണ്ടത് ആശ്വാസം.

കുറി: പുതിയ കര്‍ഷകനയം കേന്ദ്രം അംഗീകരിച്ചു.
കുറ്റി: കൃഷിക്ക് പകരം കര്‍ഷകന് ഊന്നല്‍; കര്‍ഷക നിര്‍വചനത്തില്‍ ഒട്ടേറെ പുതിയ വിഭാഗങ്ങള്‍. കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനവും കാര്‍ഷിക മേഖലയില്‍ നാലു ശതമാനം വളര്‍ച്ചയും ലക്ഷ്യമിടുന്ന ദേശീയ കര്‍ഷകനയത്തിനാണ് കേന്ദ്രം അനുമതി നല്‍കിയത്.
മറുകുറി: ഈശ്വരാ.രാ….. കര്‍ഷകന്‍!!!! എവിടെയോ കേട്ടു മറന്ന പോലെ….

കുറി: ഗുണകരമായ കാര്യങ്ങള്‍ എന്‍.എസ്സ്.എസ്സ് തിരിച്ചറിയുന്നില്ലെന്ന് വെള്ളാപ്പള്ളി.
കുറ്റി: സര്‍ക്കാര്‍ ഖജനാവിലെ പണം മുടക്കുന്ന സ്ഥാപനങ്ങളില്‍ പി.എസ്സ്.സി വഴി നിയമനം നടന്നാല്‍ കോഴ കൊടുക്കാന്‍ കഴിയാത്ത നായര്‍ സമുദായത്തിലെ ബഹുഭൂരിപക്ഷത്തിനും അതിന്റെ ഗുണം കിട്ടും. കോഴവാങ്ങുന്നതില്‍ നിന്ന് ക്രിസ്ത്യന്‍ മാനേജ്മെന്റിന് കിട്ടുന്ന നേട്ടം എന്‍.എസ്സ്.എസ്സിന് കിട്ടുകയുമില്ല, അദ്ദേഹം തുടര്‍ന്നു.
മറുകുറി: വെള്ളാപ്പള്ളി സാറ് ലൌകിക ജീവിതം മടുത്തിട്ട് സന്ന്യാസത്തിന് പോണ പോലുണ്ടല്ലോ…പോണപോക്കിന് ഭ്രാതാവിനിട്ടൊരു ഉപദേശവും, പോരേ പൂരം.

കുറി: ശ്രീശാന്തിന് പരുക്ക് വലത് തോളിന്.
കുറ്റി: പരുക്കേറ്റ ശ്രീശാന്ത് അടുത്ത ടെസ്റ്റുകളിലും ആസ്ട്രേലിയന്‍ പര്യടനത്തിനും പങ്കെടുക്കാനിടയില്ല.
മറുകുറി: ശ്‌ശോ…ആദ്യം സല്‍മാന്‍ ബട്ടും പിന്നെ പോണ്ടിങ്ങും രക്ഷപ്പെട്ടു.