2008, ഫെബ്രുവരി 13, ബുധനാഴ്‌ച

കേരളത്തിലെ പൊതുവിദ്യാഭ്യാസ പരിഷ്കരണം-സത്യവും മിഥ്യയും


ഒരു സര്‍ക്കാര്‍ എയിഡഡ് സ്ക്കൂളില്‍ ഏഴാം തരത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിയുടെ സയന്‍സ് നോട്ട്ബുക്കിന്റെ പേജാണ് ചിത്രത്തില്‍. ഈ ഇമേജ് നമുക്ക് തരുന്ന സന്ദേശത്തിന്റെ വിശകലനമാണ് ഇവിടെ പ്രതിപാദ്യം. നമ്മുടെ കുഞ്ഞുങ്ങള്‍ കഴിഞ്ഞ പതിമൂന്ന് വര്‍ഷങ്ങളായി കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന പുതിയ(പഴയ?) ‘വിദ്യാഭ്യാസ പദ്ധതി‘,ഇപ്പോഴത്തെ ഇടതു സര്‍ക്കാരിന്റെ കരിക്കുലം- വിദ്യാഭ്യാസ ചട്ട പരിഷ്കരണ പ്രക്രിയയുടെ ആലോചനകളുടെയും ചര്‍ച്ചകളുടെയും പശ്ചാത്തലത്തില്‍ ഒരു പുത്തന്‍ വഴിത്തിരിവിലെത്തി നില്‍ക്കുകയാണ്.
ആദ്യം ഡി.പി.ഇ.പി യെന്നും പിന്നീട് എസ്സ്.എസ്സ്.എ എന്നും വിളിച്ച പാഠ്യപദ്ധതി പരിഷ്കരണം, ഇന്ന് ഹയര്‍ സെക്കന്ററി തലത്തിലും നടപ്പായി ക്കഴിഞ്ഞിട്ടുണ്ട്. പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനായ ശ്രീ. എന്‍.എ. കരീമും, നിയമജ്ഞനായ ജസ്റ്റിസ്. വി.ആര്‍. കൃഷ്ണയ്യരും നേതൃത്വം നല്‍കുന്ന ജനകീയ പ്രതിരോധ സമിതിയുടെ സംസ്ഥാന സെക്രട്ടറി ഡോ. വി. വേണുഗോപാലിന്റെ അഭിപ്രായം വിദ്യാഭ്യാസ പരിഷ്കരണം ചര്‍ച്ച ചെയ്യാതെ തന്നെ തിരസ്കരിക്കേണ്ട വസ്തുതയാണെന്നാണ്. ഇതിന്റെ പ്രായോജകരും, പ്രയോക്താക്കളും ആഗ്രഹിക്കുന്നത് ഇത് ഒരു ചര്‍ച്ചാവിഷയമാകണമെന്നാണ്. പക്ഷെ, നിലവിലുള്ള പ്രക്രിയയില്‍ യാതൊരു പോരായ്മയുമില്ലാതെ അതിനെ മാറ്റി മറ്റൊന്നിനെ പ്രതിഷ്ഠിക്കേണ്ട ആവശ്യകത ചോദ്യം ചെയ്യപ്പെടേണ്ടതാണ്. പാഠപുസ്തകവും, പരീക്ഷയും, മന:പാഠവും അപ്രസക്തമാക്കി; സംഘചര്‍ച്ചയ്കും, നൈപുണിക്കും, തൊഴിലിനും പഠനത്തില്‍ അമിതപ്രാധാന്യം നല്‍കാന്‍ സര്‍ക്കാരിനെ കരുവാക്കി വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന ഗൂഢശ്രമമാണ് ഇതിന്റെപിന്നിലെന്നത് നിസ്തര്‍ക്കമാണ്. പഠനവിഷയങ്ങളേയും ഭാഷയേയും സൂക്ഷ്മമാക്കിയതില്‍കൂടി അതില്‍ നിന്ന് മുതിര്‍ന്ന തലമുറയ്ക്ക് ലഭിച്ച സര്‍ഗസിദ്ധിയും വിശകലനപാടവവും നമ്മുടെ കുഞ്ഞുങ്ങള്‍ക്കു നിഷേധിക്കുകയാണ് സര്‍ക്കാരും, അവരുടെ മുഖ്യ ഉപദേഷ്ടാക്കളായ ശാസ്ത്ര സാഹിത്യ പരിഷത്തും. അദ്ധ്യാപകരെ കൈത്താങ്ങ് അഥ‌വാ ഫെസിലിറ്റേറ്റര്‍മാരാക്കി മാറ്റിയത് അദ്ധ്യാപകര്‍‌ക്കോ വിദ്യാര്‍ഥികള്‍ക്കോ ഗുണം ചെയ്തിട്ടില്ല. പഞ്ചായത്ത് ഉള്‍പ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിദ്യാലയനടത്തിപ്പില്‍ പങ്കെടുക്കാന്‍ അവസരം കൊടുക്കുന്നതുവഴി ഉണ്ടാകുന്ന സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങള്‍ നേരത്തേ തന്നെ വിവാദമായതാണ്. (കരിക്കുലം കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പ്രസ്തുത വിവാദ വിഷയം മൃദുവാക്കിയിട്ടുണ്ട്) പഞ്ചായത്തിനെ ഏല്പിക്കുന്നതുവഴി സര്‍ക്കാര്‍ പുലിവാലുപിടിച്ച വിഷയമായ ‘വിദ്യാഭ്യാസമാനേജ്‌മെന്റ്‘ സമര്‍ഥമായി വഴിയില്‍ ഉപേക്ഷിക്കാനാകുമല്ലോ. ഗ്രേഡിംഗില്‍കൂടെ വിദ്യാര്‍ഥികളെ സമത്വത്തില്‍ഊന്നിയ മൂല്യനിര്‍ണയത്തിന് വിധേയമാക്കാമെന്ന ആശയം ഉയര്‍ന്നക്ലാസ്സുകളില്‍ തികഞ്ഞ പരാജയമാണെന്നതാണ് സത്യം.
ഭരണപക്ഷ അദ്ധ്യാപക സംഘടനകളുടെ അഭിപ്രായം ഈ വാദം അറിവില്ലായ്മയുടേയും, ഏതിനെയും എതിര്‍ക്കുന്ന മനോഭാവത്തിന്റെയും പ്രതിഫലനം മാത്രമാണെന്നാണ്. ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് സ്കൂളുകളില്‍ ആധുനിക സൌകര്യങ്ങളുള്ള ശൌചാലയങ്ങളും, പഠനസാമഗ്രികളും ഒരുക്കാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്. പാഠപുസ്തകങ്ങളും, പരീക്ഷയും ഇപ്പോഴും പ്രസക്തമാണ്. പഠനം സംഘചര്‍ച്ചകളില്‍കൂടെ നടത്തുന്നത് കൂടുതല്‍ പ്രയോജനകരമാണ്, കാരണം അറിവ് അന്യോന്യം കൈമാറുന്നതില്‍കൂടീ അത് അത്യധികം സമ്പന്നമാകുന്നു. വിഷയവ്യാപ്തി പരിമിതമാക്കിയെന്ന വാദം ശരിയല്ല. അധവാ അങ്ങനെയാണെങ്കില്‍ തന്നെ വിഷയത്തിന്റെ പഠനത്തിനായി വിവിധ വീക്ഷണകോണുകളും, വിവിധ സമീപനരീതികളും ആവിഷ്കരിക്കാനായിട്ടുണ്ട്.
സ്വകാര്യ മാനേജ്മെന്റ് പ്രതിനിധിക്ക് പറയാനുള്ളത്, നിങ്ങള്‍ ഏത് രീതിയും അനുവര്‍ത്തിച്ചുകൊള്ളൂ, പക്ഷെ പാഠനം അല്ലെങ്കില്‍ അധ്യാപനം നടക്കുന്നതായി ഉറപ്പ് വരുത്തണം. അദ്ധ്യാപകരില്‍ ബഹുഭൂരിപക്ഷവും സംഘടനാകാര്യങ്ങള്‍ക്കും, പരിശീലനത്തിനും മുഴുകുന്നതില്‍ക്കൂടെ അവരുടെ മൌലിക ധര്‍മമായ അദ്ധ്യാപനം മറക്കരുത്. മാത്രമല്ല കൂലിപ്പണിക്കാരന് ഉയര്‍ന്ന വേതനം ലഭ്യമാകുന്നതോടെ സര്‍ക്കാര്‍, എയിഡഡ് സ്കൂളുകളില്‍ കുട്ടികളില്ലാതാകും.
വിദ്യാര്‍ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും ഈ പരിഷ്കാരത്തിന്റെ ആകെത്തുക എന്താണെന്ന് അറിയാത്തതിനാലുള്ള ഉല്‍ക്കണ്ഠ അങ്ങേയറ്റമാണ്. അവരുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ സര്‍ക്കാരിനും മുന്‍പ് പറഞ്ഞ പ്രായോജകര്‍ക്കും പ്രയോക്താക്കള്‍ക്കും ബാദ്ധ്യതയുണ്ട്.
(2008 ജനുവരി 26 ന് കൊല്ലം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പി.രവീന്ദ്രന്‍ ഫൌണ്ടേഷന്‍ സാംസ്ക്കാരിക പഠനകേന്ദ്രം സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറിലെ പ്രസക്തഭാഗങ്ങള്‍)