2007, നവംബർ 4, ഞായറാഴ്‌ച

ജാഗ്രതൈ, ദ ലീഡര്‍/ടെറര്‍ ഈസ് ബാക്ക്!

ഒരു രാഷ്ട്രീയ തിരനാടകം
ലീഡറുടെ വസതി, ലീഡറും മകനും ചിന്താമഗ്നരായി മുഖാമുഖം നോക്കി ഇരിക്കുന്നു. ലീഡര്‍ മൌനം ഭഞ്ജിച്ചുകൊണ്ട് മൊഴിഞ്ഞു;
മുരളീ, കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ കേരള്‍ത്തില്‍ പോയിട്ട് തിരുവനന്തപുരത്ത് തന്നെ നമുക്ക് ഒരു ഭാവിയും ഉണ്ടാകില്ല.
മുരളി: ശരിയാണച്ഛാ, കാര്യങ്ങള്‍ ഡെയിലീ വഷളാകുവാണ്, നമ്മളെ പ്രസ്താവനകള് പോലും ആളോള് തമാശയായിട്ടാണ് കാണുന്നത്, നമ്മളെ ഇരുവരെയും എല്ലാര്‍ക്കും പരമപുച്ഛമാണ്. മാത്രമല്ല, മിമിക്രിക്കാരും നമ്മളെ ഏതാണ്ട് കൈയൊഴിഞ്ഞ മട്ടാണ്.
കരുണ്‍: എങ്ങനെ അവര് പുച്ഛിക്കാതിരിക്കും, ഡി. ഐ.സി യും, എന്‍.സി.പി യുമൊന്നും ആളോള് പെട്ടെന്ന് മറക്കില്ലല്ലോ. എന്തൊക്കെ പുകിലായിരുന്നു, തേക്കിന്‍ കാടും, റാലിയും, ലൈവും, അന്നേ ഞാന്‍ പറഞ്ഞതാണ് വിനാശകാലേ വിപരീത ബുദ്ധീന്ന്. ഞാന്‍ കരുതി ഗുരുവായൂരപ്പന്റെ ക്രിപ കൊണ്ട് അണികളും കഴുതകളും നമ്മെ കൈവിടൂല്ലെന്ന്.
മുരളി: അച്ഛാ, ഒരു കാര്യം ചെയ്താലോ, നമുക്ക് തിരിച്ച് കോണ്‍ഗ്രസ്സീത്തന്നെ പോയാലോ?
കരുണ്‍: ഇതാണ് നിനക്ക് തീരെ ബുദ്ധിയില്ലെന്ന് ഞാന്‍ പറയുന്നത്. നമ്മള്‍ ഇരുവരും കൂടി അങ്ങോട്ട് ചെന്നാല് നല്ല പുകിലായിരിക്കും, നമുക്ക് അവിടെ ഒരു വിലയും കാണൂല്ല, ഇപ്പൊ തന്നെ ഒരു വിലയും ഇല്ല.നേരുത്തെ പോലെയല്ല കാര്യങ്ങള്, അവിടെയിപ്പം ഞാഞ്ഞൂലുകള് വാഴുന്ന കാലമാണ്.നീ കുറച്ചു കൂടി കാക്കണം, ഞാന്‍ ആദ്യമൊന്ന് ശ്രമിച്ച് നോക്കാം, ഞാന്‍ കേറിപ്പറ്റിയാപിന്നെ നിനക്ക് അവിടെ വന്ന് മേയാമല്ലോ. അണികളുടെയും, കഴുതകളുടെയും കാര്യത്തില്‍ വിഷമിക്കാനില്ല, അവര് നമുക്കൊപ്പം ഏതു പാതാളത്തിലും വരുമല്ലോ.
മുരളി: എന്നാപ്പിന്നെ താമസിക്കണ്ടച്ഛാ, ഞാന്‍ മുല്ലപ്പള്ളിയെ വിളിച്ച് തരാം. (മുരളി മുല്ലപ്പള്ളിയെ ഡയല്‍ ചെയ്യുന്നു, ഫോണ്‍ ലീഡറുടെ കൈയില്‍ കൊടുത്ത് അക്ഷമനായി നില്‍ക്കുന്നു.)
കരുണ്‍: (ഫോണില്‍)മുല്ലപ്പള്ളീ, ഞാനാണ് ലീഡര്‍.
മുല്ലപ്പള്ളി: ആ, ഞാന്‍ നോക്കുവാരുന്നു, ഒരു പുതിയ നംബര്‍, നിങ്ങടെയൊക്കെ നംബര്‍ ഡെലീറ്റ് ചെയ്തു കളഞ്ഞാരുന്നു, എന്തേ, വിശേഷിച്ച്,
കരുണ്‍: എനിക്ക് തന്നെ നേരിലൊന്ന് കാണണം, എനിക്ക് ഇനിയും എന്റെ സ്വന്തം പാര്‍ടി വിട്ട് നില്‍ക്കാന്‍ വയ്യ, മുരളി പിണങ്ങിയാലും ശരി എനിക്ക് എന്റെ സ്വന്തം തട്ടകത്തീ തന്നെ വരണം.(മുരളിയെ നോക്കി കണ്ണിറുക്കുന്നു)
മുല്ലപ്പള്ളി: ഞാനെന്താ ഇപ്പ പറയുക,ഏതായാലും യു. സീ(ഊമ്മന്‍ ചാണ്ടി)യും ആര്‍. സി(രമേശ് ചെന്നിത്തല) യുമായും ആലോചിച്ചിട്ട് തിരികെ വിളിക്കാം.
* * * * * * *
ഊമ്മന്‍ ചാണ്ടിയുടെ വസതി. അദ്ദേഹത്തെക്കൂടാതെ മുല്ലപ്പള്ളി, രമേശ്, ജി. കാര്‍ത്തികേയന്‍ തുടങ്ങി മുന്‍ നിര നേതാക്കന്മാരും എം. ഐ, ഷാനവാസ്, വി. എസ്. ശിവകുമാര്‍ തുടങ്ങി രണ്ടാം നിര നേതാക്കന്മാരും സന്നിഹിതരായിട്ടുണ്ട്. എല്ലാവരും തെല്ല് അങ്കലാപ്പിലാണ്. മുല്ലപ്പള്ളി കരുണാകരന്റെ അഭ്യര്‍ഥന ചര്‍ച്ചയ്ക്ക് വയ്ക്കുന്നു.
ഊമ്മന്‍:(തലയില്‍ കൈ വച്ചു കൊണ്ട്)ഈശോയേ, ആ മുതുപാര വന്നാല്‍ ഇനി നമ്മള് രണ്ടും മൂന്നുമല്ല പത്താകും, ഒറപ്പ്.
ജി. കെ:(താടി ചൊറിഞ്ഞു കൊണ്ട്) വീണ്ടും തിരുത്തല്‍ വാദം പൊടി തട്ടിയെടുക്കേണ്ടി വരുമെന്നാണ് തോന്നുന്നത്.
രമേശ്: ജി. കേ, താനൊന്നടങ്ങ്, അങ്ങേരു വന്നാലും ഒരു മൂലക്കിരുത്തിയാപ്പോരേ.
ശിവകുമാര്‍: അങ്ങനെയങ്ങ് പറയാന്‍ വരട്ടേ, ലീടറ് വന്നാപിന്നെ ഗ്രൂപ്പ് കളിയൊക്കെ നിഷ്പ്രയാസം നടക്കും.
ഊമ്മന്‍: ശോ, ചുമ്മാ പേടിപ്പിക്കാതെടൊ, ഏതായാലും നന്നായി ആലോചിച്ചിട്ട് മതി, മുല്ലപ്പള്ളീ താന്‍ മൂപ്പിലയെ ഒന്നു കാണ്, മുരളീടെ കാര്യത്തി രണ്ടാമതൊരാലോചന ഇല്ലെന്നു പറ, എന്റെ പുതുപ്പള്ളീ പുണ്യാളോ, കാത്തോണേ...
* * * * * *

ഇനിയുള്ളത് ചരിത്രം: കരുണാകരന്‍ കോണ്‍ഗ്രസ്സിലേക്ക്...........തല്‍കാലം അച്ഛനോടൊപ്പം ഇല്ല- മുരളി..........കരുണകരനും മുരളിയും ലീടറുടെ വസതിയില്‍ കൂടിക്കാഴ്ച നട്ത്തി.........മുല്ലപ്പള്ളിയും കരുണാകരനും കൂടിക്കാഴ്ച നടത്തി.........വാര്‍ത്ത.

അഭിപ്രായങ്ങളൊന്നുമില്ല: