ആക്ഷേപം
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറിന് ശേഷം മാദ്ധ്യമ രംഗത്തുണ്ടായിട്ടുള്ള വിപ്ലവകരമായ സാങ്കേതികമുന്നേറ്റങ്ങളുടെ ഫലമായി ശക്തി പ്രാപിച്ചതാണ് എക്സിറ്റ്‌പോളും എസ്സ്.എം.എസ്സ് പ്രവചനങ്ങളും. ഇന്ന് മലവെള്ളപ്പാച്ചിലിനെ ഓര്‍മ്മിപ്പിക്കുന്നതാണ് എസ്സ്.എം.എസ്സ് കാമ്പെയിനും തെരഞ്ഞെടുപ്പ് പ്രവചനങ്ങളും. ഏറ്റവും ഒടുവില്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബി.ജെ.പിയ്ക്ക് 182ല് 117സീറ്റാണ് കിട്ടിയതെങ്കില്‍ വിവിധ സര്‍വ്വേക്കാര്‍ പറഞ്ഞത് അത് 90-110(NDTV), 92-100(CNN-IBN-CSDS), 103(STAR NEWS-NEELSON), 93-104(ZEE NEWS) എന്നിങ്ങനെയാകുമെന്നാണ്. യഥാര്‍ഥ ഫലവും പ്രവചനവും തമ്മില്‍ പ്രധമദൃഷ്ട്യാ അധികം അന്തരം കാണാനില്ലെങ്കിലും ഗുജറാത്ത് വോട്ടര്‍മാരുടെ നിര്‍ണ്ണയ മനോഭാവം പഠിക്കാന് ഈ സര്‍വ്വേകള്‍ക്ക് കഴിഞ്ഞോ എന്നത് സംശയമാണ്.
കാരണം
പ്രവചനങ്ങള്‍ പിഴക്കാനുള്ള പ്രധാനകാരണം വോട്ടര്‍മാരുടെ നിസ്സഹകരണവും അതുപോലെ തന്നെ അശാസ്ത്രീയമായ സാംപ്ലിങ്ങുമാണെന്ന് കാണാം. ഈയുള്ളവനും കൂടി പങ്കാളിയായിരുന്ന 1996ലെ ലോക്‍സഭാ- നിയമസഭാ തെരഞ്ഞെടുപ്പ് പഠനത്തില് നിന്നും ഇക്കാര്യത്തില് ലഭിച്ച അനുഭവ സാക്ഷ്യത്തിന്റെ വെളിച്ചത്തിലാണ് ഇതിവിടെ കുറിക്കുന്നത്.
ആസൂത്രണം
1996 ലെ തെരഞ്ഞെടുപ്പ് പ്രവചനത്തിനും അതിലുപരി ഇന്ത്യന് ജനാധിപത്യവും ജനപങ്കാളിത്തവും ആധികാരികമായി പഠിക്കുന്നതിനുമായി എല്ലാ സംസ്ഥാനങ്ങളേയും ഉള്‍പ്പെടുത്തി സെന്റര്‍ ഫോര്‍ ദ സ്റ്റടി ഒഫ് ഡെവെലപ്പിംഗ് സൊസൈറ്റിയുടെ (CSDS-New Delhi) നേതൃത്വത്തില്‍ ഒരു ബൃഹത് പ്രോജക്റ്റ് സംഘടിപ്പിച്ചു. ഇതിന്റെ മുഖ്യ പ്രായോജകര്‍ ദൂര്‍ദര്‍ശനും, ദ ഹിന്ദു ഡെയ്‌ലിയുമായിരുന്നു. രാജ്യത്തെ അഞ്ച് സോണുകളയിത്തിരിച്ച് അതാതിടങ്ങളിലെ സര്‍വകലാശാലകളിലെ രാഷ്ട്രമീമാംസാ വിഭാഗം അദ്ധ്യാപകരെയും, ബിരുദാനന്തര ബിരുദം മുതല്‍ മുകളിലേക്കുള്ള വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തിയായിരുന്നു ദൌത്യസംഘം ഉണ്ടാക്കിയത്. തെരഞ്ഞെടുപ്പിന് ഒരുമാസം മുന്‍പ് ബാംഗ്ലൂരിലും അതിനു ശേഷം ചെന്നൈയിലുമായി ശ്രീ. യോഗീന്ദ്ര യാദവും, ശ്രീ. വി. ബി. സിങ്ങും ഉള്‍പ്പെട്ട ഫാക്കല്‍റ്റിയുടെ അതി വിദഗ്ധ പരിശീലനം തെക്കന്‍ സോണിന് ലഭ്യമാക്കി. മാത്രമല്ല പരിശീലനാനന്തരം ബാംഗ്ലൂരിലെ റസിഡന്റ് കോളനികളില്‍ മോക്ക് ഇന്റര്‍വ്യൂകളും സഘടിപ്പിച്ചു.
കേരളം
നമ്മുടെ സംസ്ഥാനത്തില്‍ ഇതിനായി നിയോഗിക്കപ്പെട്ടത് കേരള യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തെയാണ്. അന്ന് സര്‍വ്വകലാശാല റീഡറായിരുന്ന ഡോക്ടര്‍. ജി. ഗോപകുമാറും ഞങ്ങള്‍ 8 ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍മാരും കോളേജ് അദ്ധ്യാപകനായ ഒരു സൂപ്പര്‍വൈസറുമായിരുന്നു ഇവിടെ ഇതിന്റെ പരിപാടികള്‍ സംഘടിപ്പിക്കേണ്ടിയിരുന്നത്. ആദ്യഘട്ടപരിശീലനം കഴിഞ്ഞ് നാട്ടിലെത്തിയ ശേഷം ഞങ്ങള്‍ 2 പേര്‍ വീതമുള്ള നാല് ഗ്രൂപ്പുകളായി ഫീല്‍ഡ് സര്‍വെ നടത്തേണ്ട തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂര്‍, മലപ്പുറം എന്നീ നിയോജകമണ്ഡലങ്ങളിലേക്ക് തിരിച്ചു. ആദ്യമായി ഈമണ്ഡലങ്ങളിലെ രണ്ട് വീതം അസംബ്ലി നിയോജകമണ്ഡലങ്ങളിലെ രണ്ട് പോളിങ് സ്റ്റേഷനുകളിലെ വോട്ടേഴ്സ് ലിസ്റ്റ് ശേഖരിക്കണമായിരുന്നു. (ഈ പാര്‍ലമെന്റ് മണ്ഡലങ്ങളും, അസംബ്ലി മണ്ഡലങ്ങളും, പോളിങ് സ്റ്റേഷനുകളും നേരത്തേ തന്നെ സി.എസ്സ്.ഡി. എസ്സ് ഫാക്കല്‍റ്റികള്‍ റാന്‍ഡം സാമ്പ്ലിങ്ങില്‍ക്കൂടി തെരഞ്ഞെടുത്തു തന്നിരുന്നു.) ഈ ലിസ്റ്റുകളില്‍ നിന്ന് റാന്‍ഡം സാമ്പ്ലിങ്ങില്‍ക്കൂടിത്തന്നെ 30വീതം റസ്‌പോണ്‍ഡന്റുകളെ(interviewees) ഞങ്ങള്‍ തെരഞ്ഞെടുത്തു. ഇത് പോസ്റ്റ് ചെയ്യുന്ന ബ്ലോഗറും ഒരു വനിത കൂട്ടാളിയും ജോലി ചെയ്യേണ്ടിയിരുന്നത് തൃശൂരിലായിരുന്നു. തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ തൃശൂരര്‍, ഗുരുവായൂര്‍ അസംബ്ലി മണ്ഡലങ്ങളായിരുന്നു ഞങ്ങളുടെ ഫീല്‍ഡ്.
അനുഭവം/ദുരനുഭവം
ഞങ്ങള്‍ക്ക് തന്നിട്ടുള്ള മണ്ഡലത്തില്‍ ആകെ 120 പേരെയായിരുന്നു നേരില്‍ കണ്ട് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടിയിരുന്നത്. ഞാന്‍ കേരളവര്‍മ്മ കോളേജിന്റെ ആണ്‍ ഹോസ്റ്റലിലും, എന്നോടൊപ്പമുണ്ടായിരുന്ന വനിതാ ഇന്‍വെസ്റ്റിഗേറ്റര്‍, വനിത ഹോസ്റ്റലിലുമാണ് തങ്ങിയത്. തൃശൂര്‍ മിഷന്‍ ആശുപത്രിയും പരിസരവുമായിരുന്നു ഞങ്ങള്‍ക്ക് ആദ്യം പോകേണ്ടിയിരുന്നത്. തുടര്‍ന്ന് തൃശുര്‍ തന്നെ ഒളരിക്കര, ഗുരുവായൂരിലും കുന്നംകുളത്തുമായി ചമ്മണ്ണൂരും മറ്റൊരു ഗ്രാമവും ഞങ്ങള്‍ക്ക് സന്ദര്‍ശിച്ച് സര്‍വെ നടത്തണമായിരുന്നു. ലിസ്റ്റില്‍ തന്നിട്ടുള്ള വോട്ടര്‍മാരെ തന്നെ കാണണമെന്നതിനാല്‍ ഞങ്ങള്‍ നേരിട്ട മുഖ്യ പ്രശ്നം, പലപ്പോഴും അവര്‍ ഉള്ളപ്പോള്‍ അത് രാത്രിയായാലും പകലായാലും അവരുടെ വീട്ടിലോ ജോലി ചെയ്യുന്നിടത്തോ പോയി അവരെ കാണേണ്ടിവന്നു എന്നതാണ്. എന്നോടൊപ്പമുള്ളത് സ്ത്രീ ആയതിനാല്‍ എനിക്കാകും നൈറ്റ് ഡ്യൂട്ടി. ചുരുക്കത്തില് 5 ദിവസവും പിടിപ്പത് പണിയായിരുന്നു. ചിലപ്പോള്‍ ലിസ്റ്റിലുള്ളവര്‍ മരിച്ചവരോ, നാട്ടിലില്ലാത്തവരോ ആയേക്കും. ഏന്നാല്‍ ഒരുകാരണവശാലും പകരം ഒരാളെ കാണരുത് എന്നായിരുന്നു നിര്‍ദേശം. (മൊത്തം സാമ്പിളില്‍ എല്ലാ വിഭാഗക്കാരും ഉണ്ടാകണം എന്നത് കൊണ്ടായിരുന്നുവത്രേ ഇങ്ങനെ). ചോദ്യങ്ങള്‍ മലയാളത്തിലാക്കി അതോടൊപ്പം അതാത് മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും ആലേഖനം ചെയ്ത ഡമ്മി ബാലറ്റ്‌പേപ്പറും വോട്ട് രേഖപ്പെടുത്തിവാങ്ങാന് ഡമ്മി ബാലറ്റ് ബോക്സും കരുതിയിരുന്നു. വോട്ട് രഹസ്യമായി രേഖപ്പെടുത്തിവാങ്ങാനും ഉത്തരങ്ങള്‍ അതാത് വോട്ടര്‍മാരില്‍ നിന്ന് തന്നെ മന്സ്സിലാക്കാനും സുഗ്രീവാജ്ഞയുണ്ടായിരുന്നു. പലപ്പോഴും ഭാര്യമാരോട് ചോദിക്കുമ്പോള്‍ ഭര്‍ത്താക്കന്മാരേയും, മക്കളോട് ചോദിക്കുമ്പോള്‍ അച്ഛനമ്മമാരേയും നിശ്ശബ്ദരാക്കാന്‍ പാടുപെടേണ്ടിവന്നു. ഒരിടത്ത് ചെന്നപ്പോള്‍ ഒരു മുസ്ലീം സ്ത്രീ തന്റെ ഭര്‍ത്താവിനെ ജോലി സ്ഥലത്ത്നിന്ന് കൊണ്ടു വന്നല്ലാതെ വായ് തുറക്കില്ലെന്നു പറഞ്ഞതിനാല്‍ പുള്ളിക്കാരനെ ഒരു കിലോമീറ്ററോളം സൈക്കിളില്‍ പോയി കൂട്ടിക്കൊണ്ടുവരേണ്ടിയും വന്നു. മറ്റൊരിക്കല്‍ അടുത്ത് കല്യാണം കഴിച്ച ദമ്പതിമാരില്‍ ഭാര്യയെ ഇന്റര്‍വ്യു ചെയ്യാന്‍ ചെന്നപ്പോള്‍ ഭര്‍ത്താവ് കൈയേറ്റത്തിനു വന്നു. നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍ കൊണ്ട് തടികേടായില്ലെന്നേയുള്ളൂ. ചുരുക്കത്തില്‍ ഭ്രാന്തനും, ബധിരനും, മൂകനുമൊക്കെ ഞങ്ങളുടെ ഇന്റര്‍വ്യൂവില് പങ്കെടുത്തു.
രണ്ടാം ഘട്ടം
പ്രീ-പോള്‍ സര്‍വേ കഴിഞ്ഞ് തെരഞ്ഞെടുപ്പിന് ഒരാഴ്ച മുന്‍പായിരുന്നു മിഡ്-പോള്‍ സര്‍വെ. ഈയവസരത്തില്‍ ഞങ്ങള്‍ക്ക് അതേ ആളുകളെയാണ് കാണേണ്ടതെന്നതിനാല്‍ കുറച്ച് കൂടി എളുപ്പത്തില്‍ കാര്യങ്ങള്‍ നടന്നു. മാത്രമല്ല ഞങ്ങളുടെ റസ്പോണ്ടന്റുകള്‍ കുറേക്കൂടി പ്രിപ്പേര്‍ഡ് ആയിരുന്നു.
ഔട്ട്പുട്ട്
ഓരോതവണയും സര്‍വെ കഴിയുമ്പോള്‍ ഡേറ്റ കൃത്യമായി പ്രൊഫൊമകളിലാക്കി ഡല്‍ഹിയില്‍ അയച്ചുകൊടുക്കുകയും അതിന്റെ വിശകലിതരൂപം ഹിന്ദു പത്രത്തിലും, ഫ്രണ്ട്‌ലൈനിലും വരികയും ചെയ്തു. കൂടാതെ, ഇവയുള്‍പ്പെടുത്തിയുള്ള ചര്‍ച്ച പ്രണോയ് റോയിയും, യോഗീന്ദര്‍ യാദവും ചേര്‍ന്നു ദൂരദര്‍ശനില്‍ നടത്തുകയുണ്ടായി.
എക്സിറ്റ് പോള്‍
എക്സിറ്റ് പോളിന് പങ്കെടുക്കാനായി ചമ്മണ്ണൂരായിരുന്നു എനിക്ക് പോകേണ്ടിയിരുന്നത്. പോളിങ് സ്റ്റേഷനില്‍ രാവിലെ 6.30 തന്നെ എത്തി പ്രിസൈഡിങ് ഓഫീസറെ കണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഒപ്പോടുകൂടിയ IDകാര്‍ഡും, ലെറ്ററും കാണിച്ച ശേഷം ബൂത്തിന് തൊട്ടുപുറത്ത് തന്നെ നിന്നു. 7നും 8നും ഇടയ്ക്ക് വോട്ട് ചെയ്തുവരുന്ന ഓരോ 6 പേരില്‍നിന്നും 20 പേരെയും, ഉച്ചയ്ക്ക് 1നും 2നും ഇടയ്ക്ക് 10 പേരെയും; വൈകിട്ട് 4നും 5നും ഇടയ്ക്ക് വീണ്ടും 10 പേരെയുമാണ് കാണേണ്ടിയിരുന്നത്. വോട്ട് ചെയ്തു വരുന്നവരെ കിളിത്തട്ടു കളിച്ചും, ഓടിച്ചിട്ടും പിടിച്ചും നേരത്തേത് പോലെ രഹസ്യമായി വോട്ട് ചെയ്തു വാങ്ങി. അഞ്ച് മണിക്ക് വോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തി പ്രത്യേക ഫോറത്തിലാക്കി കളക്റ്ററേറ്റിലെത്തി ഫാക്സ് ചെയ്തതോടെ ജോലി കഴിഞ്ഞു. അന്ന് തൃശൂരില് മത്സരിച്ചത് കെ. കാരുണാകരനും, വി. വി. രാഘവനുമായിരുന്നു. ഞാന്‍ എക്സിറ്റ് പോള്‍ വോട്ട് എണ്ണിയപ്പോള്‍ വി.വി.രാഘവന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു. കാന്റിഡേറ്റ് പ്രൊഫൈല്‍ തയ്യാറാക്കാനായി പിറ്റേന്ന് വൈകിട്ട് വി.വി.രാഘവനെ ഇന്റര്‍വ്യു ചെയ്യാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോള്‍ ഇക്കാര്യം പറയാന്‍ ധൈര്യമുണ്ടായില്ല. പിന്നീട് നാട്ടിലും, അദ്ധ്യാപകരോടും പറഞ്ഞെങ്കിലും എല്ലാവരും പരിഹസിക്കുകയാണ് ചെയ്തത്. പക്ഷെ, റിസള്‍ട്ട് വന്നപ്പോള്‍ എല്ലാവരും ഞെട്ടുക തന്നെ ചെയ്തു. കാരണം വി.വി.രാഘവന്‍ നേരിയ ഭൂരിപക്ഷത്തില്‍ ജയിച്ചു.
പോസ്റ്റ് പോള്‍
പോസ്റ്റ് പോള്‍ സര്‍വേയില്‍ കൂടുതലും രാഷ്ട്രീയ ബോധം, മനോഭാവം, സംസ്കാരം എന്നിവയെ സംബന്ധിക്കുന്ന ചോദ്യങ്ങളായിരുന്നു. അങ്ങനെ വളരെ ബൃഹത്തും, ആധികാരികവുമായ ആപഠനത്തില്‍ പങ്കെടുക്കാനായത് മറ്റുള്ളവരെപ്പോലെ എന്റെയും ഒരു നേട്ടമായി ഞാന്‍ കരുതുന്നു. പില്‍ക്കാലത്ത് ഗ്രൂപ് ഡിസ്കഷനുകള്‍ക്ക് നേതൃത്വം നല്‍കാനും എന്തെങ്കിലും പുതിയ ഇഷ്യൂസ് ഇനിഷ്യേറ്റ് ചെയ്യാനും ഉള്ള കഴിവും ഇതുമൂലമുണ്ടായിട്ടുണ്ട്.
ഉപസംഹാരം
ചുരുക്കത്തില്‍ ആ പഠനം ഭാരതത്തിന്റെ രാഷ്ട്രീയ സംസ്കാരതെക്കുറിച്ചും, നമ്മുടെ ഇലക്റ്ററല്‍ ബിഹേവിയറിനെക്കുറിച്ചും ആഴത്തിലുള്ള ഒരു വിശകലനമായിരുന്നു. അതിന്റെ പൂര്‍ണ രൂപം അന്നത്തെ ഹിന്ദു പത്രത്തിലും ഫ്രണ്ട്‌ലൈനിലും വന്നിരുന്നു. കൂടാതെ അതിനെ അധികരിച്ച് CSDS ഒരു ഗ്രന്ധവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്ന് ആ പഠനത്തിന്റെ വിജയത്തിന് നിദാനമായത് ആത്മാര്‍ഥതയോടെയുള്ള പ്രവര്‍ത്തനവും, നവീനമായ സങ്കേതങ്ങളുടെ ആവിഷ്കാരവുമാണ്. അതുകൊണ്ടു തന്നെ പ്രവചനം കുറ്റമറ്റതാക്കാന് പരമാവധി കഴിഞ്ഞു എന്നതാണ് സത്യം. ഇന്നത്തെ പ്രവചനങ്ങളിലെ കച്ചവടവും, ആത്മാര്‍ഥതക്കുറവും ആയിരിക്കാം ഇത് തുടരെ പരാജയമാകാനുള്ള കാരണം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ