2007 നവംബർ 15, വ്യാഴാഴ്‌ച

ഒരു ‘വെറും’ സാധാരണ ഇടതു സഹയാത്രികനുമായുള്ള സംഭാഷണം (ഒന്നാം ഭാഗം)

ആനുകാലികങ്ങളിലും പത്രങ്ങളിലും പ്രമുഖരും തീരെ പ്രമുഖരല്ലാത്തവരുമായുള്ള അഭിമുഖങ്ങള്‍ സര്‍വ സാധാരണമാണ്. ഇവിടെ, പത്തൊന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ മുന്നോടിയായി സി.പി.എം ബ്രാഞ്ച്, ലോക്കല്‍, ഏരിയാ, ജില്ലാസമ്മേളനങ്ങള്‍ നടക്കുന്ന വേളയില്‍ സജീവ പാര്‍ട്ടിപ്രവര്‍ത്തകനായ സഖാവ് രാഘവനുമായി ഈ ബ്ലോഗന്‍ നടത്തിയ സംഭാഷണത്തിന്റെ പൂര്‍ണരൂപം. (ഇത് ഒരു അഭിമുഖമാണെന്ന് പറയാനുള്ള അഹങ്കാരം ഞങ്ങള്‍ക്കിരുവര്‍ക്കുമില്ല) സഖാവ് രാഘവന്‍: തൊഴില്‍ ബീടി തെറുപ്പും തയ്യലും. രാഷ്ടീയം ഇടത് തന്നെ. ആദ്യം കോണ്‍ഗ്രസ്സിലും, പിന്നീട് സി.പി. ഐ, അതു കഴിഞ്ഞ് സി.പി. എം. എന്നിങ്ങനെ പോകുന്നു. സ്വാതന്ത്ര്യ സമരക്കാലത്ത് ജനനം.ദളിതനാണെങ്കിലും എല്ലവിഭാഗക്കാരുമായും സൌഹ്രുദം. തൂവെള്ള പോളിയെസ്റ്റര്‍ ഷര്‍ട്ടും ഡബിള്‍ മുണ്ടും വേഷം. ബീടിയാണ് വലിക്കാറെങ്കിലും പനാമ സിഗററ്റാണ് പഥ്യം. മൂക്കിപ്പൊടി നിര്‍ബന്ധം. ലോക നേതാക്കളായ ക്രൂഷചേവ്, നെഹ്രു, ഇടത് നേതാക്കളായ പി. രവീന്ദ്രന്‍, ടി.വി.തോമസ്, ഇ.എം.എസ്, ഇ.കെ. നയനാര്‍ എന്നിവര്‍ സമകാലീനരും, സുഹ്രുത്തുക്കളുമാണെന്ന് അവകാശപ്പെടുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഇപ്പോഴും സഖാവ് ഒരു സാധാരണ ബ്രാഞ്ച് പ്രവര്‍ത്തകന്‍ മാത്രം.
ബ്ലോഗന്‍: താങ്കളുടെ ബാല്യകാലത്തെപ്പറ്റി....?
സഖാവ്: എന്നെ സഖാവ് എന്ന് സംബോധന ചെയ്യുന്നതാണ് എനിക്കിഷ്ടം. കുട്ടിക്കാലത്തെ ഓര്‍മകളില്‍ സ്വാതന്ത്ര്യ സമരം, വിമോചന സമരം, മാപ്പിള ലഹള...........(ബ്ലോഗന്റെ അവസരോചിതമായ ഇടപെടല്‍ കൊണ്ട് വലിയ ഒരത്യാഹിതം ഒഴിവായി.അതായത്, “ബ്ലോറാകും“ എന്നതിനാല്‍ കൂടുതല്‍ പറയാന്‍ അനുവദിച്ചില്ല.)
ബ്ലോഗന്‍: താങ്കള്‍ക്ക് ലോകനേതാക്കളുമായി നല്ല ബന്ധമായിരുന്നു എന്ന് കേട്ടിട്ടുണ്ടല്ലോ....?
സഖാവ്: ഞാനും, ക്രുഷ് ചേവും, നെഹ്രൂവും, റ്റി.വി. തോമസും തിരുവനന്തപുരത്ത് നെഹ്രു കപ്പ് ഫുട്ബാള്‍ കാണാന്‍ പോയ സംഭവം പറയാം.(ഹമ്മേ...) ഞങ്ങളോടൊപ്പം റഷ്യന്‍ ഫുട്ബാള്‍ കോച്ചും ഉണ്ടായിരുന്നു. കളിയുടെ ആദ്യപകുതിയില്‍ തന്നെ റഷ്യ ഇന്റ്യക്കെതിരെ ഏകപക്ഷീയമായ 5 ഗോളുകള്‍ നേടി. എനിക്ക് സങ്കടം സഹിച്ചില്ല. ഞാന്‍ മുഖം താഴ്തി ഇരുന്നു. അപ്പോള്‍ ക്രുഷ് ചേവ് നെഹ്രുവിനോട് കാര്യം അന്വേഷിച്ചു. എന്റെ ദേശ സേനഹതില്‍ മതിപ്പു തോന്നിയ ക്രുഷ് ചേവ് റഷ്യന്‍ കോച്ചിന്റെ ചെവിയില്‍ എന്തോ പറഞ്ഞു. കോച്ച് അറിയിച്ചതനുസരിച്ച് പിന്നീട് ഒരു ഗോള്‍ പോലും റഷ്യ അടിച്ചില്ല.
ബ്ലോഗന്‍: താങ്കള്‍, ക്ഷമിക്കണം, സഖാവ് തികഞ്ഞ കമ്യൂണിസ്റ്റ് കാരനായിട്ടും എന്തു കൊണ്ടാണ് അങ്ങനെ ചെയ്തത്?
സഖാവ്: എന്റെ അഭിപ്രായതില്‍ കമ്യൂണിസം ദേശഭക്തിക്ക് എതിരല്ല. മാത്രമല്ല, റഷ്യ താഴ്ന്ന മാര്‍ജിനില്‍ ജയിക്കുമ്പോള്‍ ‘നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം” എന്നു പറഞ്ഞത് പോലെയകുമല്ലൊ.
ബ്ലോഗന്‍: ഇതുപോലെ രസകരമായ മറ്റെന്തെങ്കിലും അനുഭവങ്ങള്‍?
സഖാവ്: ക്രൂഷ് ചേവുമൊത്ത് ഞങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നടന്ന ഒരു തമാശ പറയാം. ക്രൂഷ് ചേവിന് ഒരു കുസ്രുതി ഉണ്ടായിരുന്നു. ആരുടെയെങ്കിലും സീറ്റില്‍ തക്കാളി കൊണ്ടുപോയി വയ്ക്കും. നെഹ്രുവിന്റെ സീറ്റില്‍ വച്ചശേഷം അദ്ദേഹത്തിന്റെ തൂവെള്ള കുര്‍ത്തയുടെ ചേലുകണ്ട് എല്ലാവരും ചിരിച്ച് മണ്ണ്കപ്പിപ്പോയി.
ബ്ലോഗന്‍: താങ്കള്‍ ഏതെങ്കിലും സമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടോ?
സഖാവ്: ഞങ്ങളുടെ നാട്ടില്‍ നട്ന്നിട്ടുള്ള ഒട്ടുമിക്ക കയര്‍ തൊഴിലാളി സമരങ്ങളിലും കര്‍ഷക സമരങ്ങളിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്.
ബ്ലോഗന്‍: എന്തിനായിരുന്നു ആ സമരങ്ങള്‍?
സഖാവ്: ഇങ്ങനെ പച്ചയായി ചോദിച്ചാല്‍, ഇപ്പോള്‍ നടക്കുന്നതുള്‍പെടെയുള്ള സമരങ്ങള്‍ ഞങ്ങള്‍ക്ക് ജീവിക്കാനാണ്.
ബ്ലോഗന്‍: ഞങ്ങളെന്ന് പറയുമ്പോള്‍ തൊഴിലാളികള്‍ എന്നായിരിക്കും?
സഖാവ്: ഏയ്.. ഞങ്ങള്‍ നേതാക്കള്‍ക്ക് ജീവിക്കാന്‍..
ബ്ലോഗന്‍: പക്ഷെ, ഇപ്പോള്‍, കയര്‍, കര്‍ഷക തൊഴിലാളികളോ, പാക്കളങ്ങളൊ(കയര്‍ നിര്‍മിക്കുന്ന സ്ഥലം), നിലങ്ങളൊ കാണാനില്ലല്ലോ..?
സഖാവ്: വൈകിയാണ് ഞങ്ങള്‍ക്ക് പൊന്മുട്ടയിടുന്ന താറാവിനെ കൊന്നുകൂടെന്ന് മനസ്സിലായത്. അതില്‍ നിന്നുള്ള വരുമാനം ഇപ്പോള്‍ തീരെ ഇല്ലാതായി.
ബ്ലോഗന്‍: എന്താണ് വൈരുധ്യാത്മിക ഭൌതികവാദം?
സഖാവ്; രണ്ട് വിരുദ്ധ ചേരികള്‍ അഥവാ ചേരികള്‍ തമ്മിലുള്ള സംഘട്ടനത്തിന്റെ ഫലമായി പുതിയ ഒരു വാദം ഉണ്ടാകുന്നു എന്നോ മറ്റോ ആണെന്ന് തോന്നുന്നു.
ബ്ലോഗന്‍:ഈ വാദത്തിന് ഇപ്പോള്‍ എന്തെങ്കിലും പ്രാധാന്യം...?
സഖാവ്: വളരെ വ്യക്തമല്ലേ... ഞങ്ങളുടെ പാര്‍ട്ടിയില്‍ സ. പിണറായിയും, സ. വീയെസ്സും തമ്മിലുള്ള സംഘട്ടനം.
പക്ഷെ അതിന്റെ ഫലമായി ഉണ്ടായേക്കാവുന്ന പുതിയ ഘട്ടം എന്താണെന്ന് എനിക്കറിയില്ല. ഒന്ന് സത്യമാണ്, എല്ലായ്പ്ഴും രണ്ട് വിരുദ്ധ ചേരികള്‍ ഉണ്ടാകും.
ബ്ലോഗന്‍: സോവിയറ്റ് റഷ്യയുടെ പതനത്തെക്കുറിച്ച്...?
സഖാവ്: അതിന്ന് രണ്ടുത്തരങ്ങളാണുള്ള്ത്. ഒന്നാമതായി, പാര്‍ട്ടിയുടെ നോട്ടത്തില്‍ സി.ഐ.എയുടെയും, ലിബറല്‍ ശക്തികളുടെയും ഗൂഢാലോചനയുടെ ഫലമായിരുന്നു അത്. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍, അവിടുത്തെ നേതാക്കന്മാര്‍ തമ്മിലുള്ള പടലപ്പിണക്കം, അവരുടെ ആഡംബരഭ്രമം, ലിബറല്‍ ജീവിതത്തോടുള്ള ആസക്തി എന്നിവയായിരുന്നു കാരണം.
ബ്ലോഗന്‍: ഗോര്‍ബച്ചേവിനെപ്പറ്റി എന്താണഭിപ്രായം?
സഖാവ്: നേരിട്ട് പരിചയമില്ല എങ്കിലും, അമേരിക്കയില്‍ അടിമത്തം ഇല്ലാതാക്കിയ എബ്രഹാം ലിങ്കണെയാണ് ഓര്‍മ വരിക.

(സംഭാഷണത്തിന്റെ അടുത്ത ഭാഗം ഉടനെ.... നിങ്ങള്‍ക്കും സഖാവിനോട് ചോദിയ്ക്കാം)

2007 നവംബർ 4, ഞായറാഴ്‌ച

ജാഗ്രതൈ, ദ ലീഡര്‍/ടെറര്‍ ഈസ് ബാക്ക്!

ഒരു രാഷ്ട്രീയ തിരനാടകം
ലീഡറുടെ വസതി, ലീഡറും മകനും ചിന്താമഗ്നരായി മുഖാമുഖം നോക്കി ഇരിക്കുന്നു. ലീഡര്‍ മൌനം ഭഞ്ജിച്ചുകൊണ്ട് മൊഴിഞ്ഞു;
മുരളീ, കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ കേരള്‍ത്തില്‍ പോയിട്ട് തിരുവനന്തപുരത്ത് തന്നെ നമുക്ക് ഒരു ഭാവിയും ഉണ്ടാകില്ല.
മുരളി: ശരിയാണച്ഛാ, കാര്യങ്ങള്‍ ഡെയിലീ വഷളാകുവാണ്, നമ്മളെ പ്രസ്താവനകള് പോലും ആളോള് തമാശയായിട്ടാണ് കാണുന്നത്, നമ്മളെ ഇരുവരെയും എല്ലാര്‍ക്കും പരമപുച്ഛമാണ്. മാത്രമല്ല, മിമിക്രിക്കാരും നമ്മളെ ഏതാണ്ട് കൈയൊഴിഞ്ഞ മട്ടാണ്.
കരുണ്‍: എങ്ങനെ അവര് പുച്ഛിക്കാതിരിക്കും, ഡി. ഐ.സി യും, എന്‍.സി.പി യുമൊന്നും ആളോള് പെട്ടെന്ന് മറക്കില്ലല്ലോ. എന്തൊക്കെ പുകിലായിരുന്നു, തേക്കിന്‍ കാടും, റാലിയും, ലൈവും, അന്നേ ഞാന്‍ പറഞ്ഞതാണ് വിനാശകാലേ വിപരീത ബുദ്ധീന്ന്. ഞാന്‍ കരുതി ഗുരുവായൂരപ്പന്റെ ക്രിപ കൊണ്ട് അണികളും കഴുതകളും നമ്മെ കൈവിടൂല്ലെന്ന്.
മുരളി: അച്ഛാ, ഒരു കാര്യം ചെയ്താലോ, നമുക്ക് തിരിച്ച് കോണ്‍ഗ്രസ്സീത്തന്നെ പോയാലോ?
കരുണ്‍: ഇതാണ് നിനക്ക് തീരെ ബുദ്ധിയില്ലെന്ന് ഞാന്‍ പറയുന്നത്. നമ്മള്‍ ഇരുവരും കൂടി അങ്ങോട്ട് ചെന്നാല് നല്ല പുകിലായിരിക്കും, നമുക്ക് അവിടെ ഒരു വിലയും കാണൂല്ല, ഇപ്പൊ തന്നെ ഒരു വിലയും ഇല്ല.നേരുത്തെ പോലെയല്ല കാര്യങ്ങള്, അവിടെയിപ്പം ഞാഞ്ഞൂലുകള് വാഴുന്ന കാലമാണ്.നീ കുറച്ചു കൂടി കാക്കണം, ഞാന്‍ ആദ്യമൊന്ന് ശ്രമിച്ച് നോക്കാം, ഞാന്‍ കേറിപ്പറ്റിയാപിന്നെ നിനക്ക് അവിടെ വന്ന് മേയാമല്ലോ. അണികളുടെയും, കഴുതകളുടെയും കാര്യത്തില്‍ വിഷമിക്കാനില്ല, അവര് നമുക്കൊപ്പം ഏതു പാതാളത്തിലും വരുമല്ലോ.
മുരളി: എന്നാപ്പിന്നെ താമസിക്കണ്ടച്ഛാ, ഞാന്‍ മുല്ലപ്പള്ളിയെ വിളിച്ച് തരാം. (മുരളി മുല്ലപ്പള്ളിയെ ഡയല്‍ ചെയ്യുന്നു, ഫോണ്‍ ലീഡറുടെ കൈയില്‍ കൊടുത്ത് അക്ഷമനായി നില്‍ക്കുന്നു.)
കരുണ്‍: (ഫോണില്‍)മുല്ലപ്പള്ളീ, ഞാനാണ് ലീഡര്‍.
മുല്ലപ്പള്ളി: ആ, ഞാന്‍ നോക്കുവാരുന്നു, ഒരു പുതിയ നംബര്‍, നിങ്ങടെയൊക്കെ നംബര്‍ ഡെലീറ്റ് ചെയ്തു കളഞ്ഞാരുന്നു, എന്തേ, വിശേഷിച്ച്,
കരുണ്‍: എനിക്ക് തന്നെ നേരിലൊന്ന് കാണണം, എനിക്ക് ഇനിയും എന്റെ സ്വന്തം പാര്‍ടി വിട്ട് നില്‍ക്കാന്‍ വയ്യ, മുരളി പിണങ്ങിയാലും ശരി എനിക്ക് എന്റെ സ്വന്തം തട്ടകത്തീ തന്നെ വരണം.(മുരളിയെ നോക്കി കണ്ണിറുക്കുന്നു)
മുല്ലപ്പള്ളി: ഞാനെന്താ ഇപ്പ പറയുക,ഏതായാലും യു. സീ(ഊമ്മന്‍ ചാണ്ടി)യും ആര്‍. സി(രമേശ് ചെന്നിത്തല) യുമായും ആലോചിച്ചിട്ട് തിരികെ വിളിക്കാം.
* * * * * * *
ഊമ്മന്‍ ചാണ്ടിയുടെ വസതി. അദ്ദേഹത്തെക്കൂടാതെ മുല്ലപ്പള്ളി, രമേശ്, ജി. കാര്‍ത്തികേയന്‍ തുടങ്ങി മുന്‍ നിര നേതാക്കന്മാരും എം. ഐ, ഷാനവാസ്, വി. എസ്. ശിവകുമാര്‍ തുടങ്ങി രണ്ടാം നിര നേതാക്കന്മാരും സന്നിഹിതരായിട്ടുണ്ട്. എല്ലാവരും തെല്ല് അങ്കലാപ്പിലാണ്. മുല്ലപ്പള്ളി കരുണാകരന്റെ അഭ്യര്‍ഥന ചര്‍ച്ചയ്ക്ക് വയ്ക്കുന്നു.
ഊമ്മന്‍:(തലയില്‍ കൈ വച്ചു കൊണ്ട്)ഈശോയേ, ആ മുതുപാര വന്നാല്‍ ഇനി നമ്മള് രണ്ടും മൂന്നുമല്ല പത്താകും, ഒറപ്പ്.
ജി. കെ:(താടി ചൊറിഞ്ഞു കൊണ്ട്) വീണ്ടും തിരുത്തല്‍ വാദം പൊടി തട്ടിയെടുക്കേണ്ടി വരുമെന്നാണ് തോന്നുന്നത്.
രമേശ്: ജി. കേ, താനൊന്നടങ്ങ്, അങ്ങേരു വന്നാലും ഒരു മൂലക്കിരുത്തിയാപ്പോരേ.
ശിവകുമാര്‍: അങ്ങനെയങ്ങ് പറയാന്‍ വരട്ടേ, ലീടറ് വന്നാപിന്നെ ഗ്രൂപ്പ് കളിയൊക്കെ നിഷ്പ്രയാസം നടക്കും.
ഊമ്മന്‍: ശോ, ചുമ്മാ പേടിപ്പിക്കാതെടൊ, ഏതായാലും നന്നായി ആലോചിച്ചിട്ട് മതി, മുല്ലപ്പള്ളീ താന്‍ മൂപ്പിലയെ ഒന്നു കാണ്, മുരളീടെ കാര്യത്തി രണ്ടാമതൊരാലോചന ഇല്ലെന്നു പറ, എന്റെ പുതുപ്പള്ളീ പുണ്യാളോ, കാത്തോണേ...
* * * * * *

ഇനിയുള്ളത് ചരിത്രം: കരുണാകരന്‍ കോണ്‍ഗ്രസ്സിലേക്ക്...........തല്‍കാലം അച്ഛനോടൊപ്പം ഇല്ല- മുരളി..........കരുണകരനും മുരളിയും ലീടറുടെ വസതിയില്‍ കൂടിക്കാഴ്ച നട്ത്തി.........മുല്ലപ്പള്ളിയും കരുണാകരനും കൂടിക്കാഴ്ച നടത്തി.........വാര്‍ത്ത.

2007 നവംബർ 2, വെള്ളിയാഴ്‌ച

എന്തിനീ ബന്ദ്, ക്ഷമിക്കണം, ഹര്‍ത്താല്‍?

I ഹര്‍ത്താലിന്റെ യഥാര്‍ഥ ഗുണഭോക്താക്കള്‍ ആരാണ്? 1. സര്‍ക്കാരുദ്യോഗസ്ഥന്മാര്‍/അധ്യാപകര്‍: കാരണം, അന്നേ ദിവസം ലീവെടുക്കാതെ ഓഫ് എടുത്ത് വീട്ടില്‍ ഇരിക്കാം. (ഒരഡ്ജസ്ട്മെന്റേ!)അടുത്തുള്ള ഒരു ഉദ്യോഗസ്ഥന് അഥവാ അധ്യാപകന് ലാവണത്തിലെത്തി ഉച്ചവരെ കഴിച്ചുകൂട്ടി മടങ്ങാം. പിന്നീട് ഒരു ദിവസം ടിയാന് പകരം ഓഫ് എടുക്കുകയുമാകാം.
2. ചാനലുകാര്‍: ഈ ചാനലുകാര്‍ “ഹര്‍ത്താലാശംസകള്‍” എന്ന് എഴുതി ഓടിക്കുന്ന കാലം വിദൂരമല്ല. ഇപ്പോള്‍ തന്നെ പുള്ളിക്കാര് ബന്ദ്ദിനത്തില്‍ മത്സരബുദ്ധിയോടെ വിനോദ പരിപാടികളും സിനിമകളും ട്രാന്‍സ്മിറ്റ് ചെയ്യുന്നുണ്ട്.
3. ബാറുകള്‍/ഷാപ്പുകള്‍: അന്ന് ബന്ദാണെങ്കിലെന്ത്, തലേന്നു ബാറിലും, ഷാപ്പിലും, സിവില്‍ സപ്പ്ലൈസിലും വന്‍ തിരക്കായിരിക്കും. കാരണം, ബന്ദിന് ഒരടിച്ച്പൊളി പര്‍ട്ടി ഒറപ്പ്.
4. വിദ്യാര്‍ത്ഥികള്‍: വിദ്യാര്‍ത്ഥികള്‍ക്ക് ചാര്‍ട്ട് ചെയ്യാത്ത, ആകസ്മികമായ ഒരു ഹോളിടേ.
5. റയില്‍വ്വേ: കേരളത്തില്‍ അന്ന് യാത്രക്കാര്‍ക്ക് ട്രെയിന്‍ തന്നെ ശരണം.
6. പാര്‍ട്ടികള്‍: പാര്‍ട്ടിക്കാര്‍ക്കാണ് ബന്ദ് കൊണ്ടുള്ള ഏറ്റവും വലിയ നേട്ടം. അല്ല അങ്ങനെ തന്നെ ആവണമല്ലോ. അവര്‍ക്ക് അന്ന് തങ്ങളുടെ അണികളെ, അവരുടെ (നശീകരണ)പ്രവര്‍ത്തനങ്ങളെ, ഒന്ന് റിഫ്രഷ് ചെയ്യിക്കാനുള്ള അവസരം.
II ഹര്‍ത്താല്‍ പാരയാകുന്നവര്‍
1. ചില സര്‍ക്കാരുദ്യോഗസ്ഥര്‍/അധ്യാപകര്‍: സമീപസ്ഥനായ മേധാവിയാണെങ്കില്‍ പുള്ളി ഓഫീസില്‍ നേരത്തേയെത്തി മറ്റുള്ളവര്‍ക്ക് കാഷ്വല്‍ ലീവ് നല്‍കി അവരെ അനുഗ്രഹിക്കും. ഫലമോ, പാവപ്പെട്ടവന്‍/ള്‍ മാര്‍ക്ക് ഒരു കാഷ്വല്‍ ലീവ് നഷ്ടം.
2. കൂലിവേലക്കാര്‍: ഒരു ദിവസത്തെ ശമ്പളം നഷ്ടം, കുടുംബത്ത് അന്ന് നിശ്ചയമായും അര്‍ധപട്ടിണി.
3. കാമുകീ-കാമുകന്മാര്‍: ഇവര്‍ക്ക് ഒരു ദിവസത്തെ ലൈവ് സൊള്ളല്‍ പോയിക്കിട്ടും.
4. കല്യാണം/മറ്റ് ചടങ്ങുകള്‍: ആകസ്മികമാണെങ്കില്‍, ആളുകുറയും, വച്ചു വച്ചത് വേസ്റ്റ്.
5. കെ. എസ്. ആര്‍. ടി. സി: ഇടിവെട്ടിയവന്റെ തലയില്‍ പാമ്പ് കടിച്ചു!
6. പെട്രോള്‍ പമ്പ്: അദുത്ത ദിവസങ്ങളില്‍ നികത്താവുന്ന നഷ്ടമാണെങ്കിലും, അതൊരു നഷ്ടം തന്നെ.
III ദി ഗ്രേയ്റ്റ് ഇമ്പാക്റ്റ്
ഇതുവരെയുള്ള ഹര്‍ത്താലുകള്‍/ബന്ദുകള്‍ നടത്തിയത് എന്തിനു വേണ്ടി, അതുകൊണ്ട് ആര് എന്തു നേടി? എന്തായാലും, ഏതാവശ്യമുന്നയിച്ചാണോ അത് നടത്തിയത്, അത് നേടിയിട്ടില്ല തന്നെ. ചുരുക്കത്തില്‍ ഹര്‍ത്താല്‍ കൊണ്ട് ഒന്നും നേടിയെടുക്കാനായിട്ടില്ല. സംശയമെങ്കില്‍ കഴിഞ്ഞ പത്ത് ഹര്‍ത്താലാഹ്വാനങ്ങള്‍ പരിശോധിച്ച് അവയുടെ ഉദ്ദേശ്യം സാധിച്ചോ എന്ന് അന്വേഷിക്കാവുന്നതാണ്.
IV ഉത്തരം: NO, NEVER SIR!!